2019 സെപ്റ്റംബർ 17, ചൊവ്വാഴ്ച

ആദ്യത്തെ പ്രണയ ലേഖനം


                                     നിർമലമായ മനസ്സിൽ നിന്ന് ആകസ്മികമായി പുറത്തേക്കൊഴുകുന്ന നിഷ്കളങ്ക ഇഷ്ടം , അതാണ് 'കുട്ടിപ്രണയം'. ആറാം ക്‌ളാസ്സിൽ പഠിക്കുന്ന ഷമീമിന് ക്‌ളാസിൽ അടുത്ത സുഹൃത്തുക്കളായി കൂടുതൽ പേരില്ല .കൂടുതലൊന്നും സംസാരിക്കാത്ത ഒരു പാവം പയ്യൻ .
ആ കെ സംസാരിക്കാനും കൂട്ടുകൂടാനും ക്‌ളാസ്സിലെ കലാകാരൻ കൂടിയായ മഹേഷ് മാത്രമേ ഉണ്ടാവൂ.മറ്റുള്ള കുട്ടികളെ പോലെ എ പ്പോഴും ഓടി ചാടി കളിക്കാനൊന്നും ഷമീമിനെ കിട്ടില്ല ,മടി തന്നെ കാരണം .
സിനിമയെ നിഷിദ്ധമായി കണ്ടിരുന്ന കാലത്തു ഷമീമിന് സിനിമാ കഥകൾ പറഞ്ഞു കൊടുത്തിരുന്നത് മഹേഷ് .
ഞായറാഴ്ചകളിൽ ദൂര ദർശനിൽ സംപ്രേഷണം ചെയ്യുന്ന സിനിമ ഒരാഴ്ച കൊണ്ടാണ് മഹേഷ് സുഹൃത്തിനെ കേൾപ്പിച്ചിരുന്നത് .കൂടാതെ കിട്ടുന്ന ഒഴിവു സമയങ്ങളിൽ മഹേഷ് വരയ്ക്കുന്ന കൊച്ചു ചിത്രങ്ങൾ ആസ്വദിക്കുക .
യഥാർത്ഥത്തിൽ മഹേഷ് തൻ്റെ കൊച്ചു രചനകൾ വഴി സ്‌കൂളിൽ ഒരുപറ്റം ആരാധകരെ ഉണ്ടാക്കിയെടുത്തു .പ്രത്യേകിച്ചു പെൺകുട്ടികൾ .മനസ്സിന്റെ ഉള്ളിൻറെ ഉള്ളിൽ ഒരല്പം അസൂയ ഉണ്ടെങ്കിലും ഷമീം പുറത്തു കാണിച്ചില്ല .
അബീറ , ഷഫീദ , ഷാഹിദ ഇവരൊക്കെയാണ് സ്‌കൂളിലെ സുന്ദരികളിൽ പ്രമുഖർ . ഇടയ്ക്കിടെ മഹേഷിൻറെ ചിത്രങ്ങൾ കാണാൻ ഇവർ ക്ലാസ്സിൽ വരാറുണ്ട് . എപ്പോഴും ഒന്നിച്ചുണ്ടാകുന്ന ഷമീമിനെയും മഹേഷിനെയും കാണുമ്പൊൾ പുഞ്ചിരിക്കാറുണ്ട് .
പകുതി അടഞ്ഞു കിടയ്ക്കുന്ന വാതിലിലൂടെ ഇവർ ചിത്രകാരനെ നോക്കുന്നത് കണ്ടത് ഷമീമാണ് . മോഹൻലാലിന്റേയും മമ്മുട്ടിയുടെയും റൊമാന്റിക് സിനിമാ കഥകൾ കേൾക്കുന്ന ഷമീമിന് പ്രണയിക്കണം .
മഹേഷ് പ്രണയത്തിന്റെ മനോഹര സന്ദർഭങ്ങളെ സിനിമകളിൽ നിന്ന് അടർത്തി ഷമീമിന് പറഞ്ഞു കൊടുത്തു .
'നിനക്ക് ആരെ വേണം' മഹേഷ് ചോദിച്ചു .
'എടാ അവർ മൂന്ന് പേരില്ലേ , നമ്മൾ രണ്ടും , ഇ നി എന്ത് ചെയ്യും? മാത്രമല്ല അവർ നമ്മളിൽ ആരെയാണ് ഇഷ്ടപ്പെടുന്നത് എന്ന് എങ്ങനെ അറിയാം ?' സംശയങ്ങളുമായി ഷമീം .
ഭംഗിയായി ഉടുപ്പുകൾ അണിഞ്ഞു വരുന്ന മൂന്ന് കൊച്ചു സുന്ദരികളെ സ്വർഗീയ ഹൂറികൾ എന്ന് ഷമീം വിശേഷിപ്പിച്ചു .പക്ഷെ മഹേഷ് അതിൽ അത്ര ഗൗരവം കണ്ടില്ല .
സ്കൂളിലേക്ക് ഒരു കിലോമീറ്റർ ദൂരമുണ്ട് . പോകും വഴി സ്നേഹത്തിന്റെ അതി സുന്ദര സ്വപ്നങ്ങളിലൂടെയായിരുന്നു അവന്റെ യാത്ര .
തളിരിലകൾ പൂത്തു നിക്കുന്ന മരങ്ങൾ , വഴിയരികിൽ തണൽ വിരിച്ചു നിൽക്കുന്ന മാവുകൾ ,കോളാമ്പി ചെടി കൂട്ടിപ്പിടിച്ചു ചുംബിക്കുന്ന ചെമ്പക മരം , കിളി മരങ്ങളിലെ സംഗീതം ... തന്റെ പ്രണയത്തെ ഇമ വെട്ടാതെ ഇവരൊക്കെ നോക്കുന്നതായി ഷമീമിന് തോന്നി .
കാണുമ്പൊൾ ചിരിച്ചും കണ്ണുകൾ കൊണ്ട് സ്നേഹ വായ്പുകൾ നൽകിയും സുന്ദരികളുമായി ഷമീമും മഹേഷും സ്നേഹം സംവദിച്ചു .
രണ്ടു പേരുടെയും മനസ്സിലെ ഇഷ്ട സുന്ദരി ആരെന്നു അറിയാം , പക്ഷെ പരസ്പരം പങ്കുവെയ്ക്കാത്ത രഹസ്യമായി അത് മനസ്സിൽ കാത്തു സൂക്ഷിച്ചു .
സ്‌കൂളിൽ നിന്നും ശാസ്ത്ര മേളയ്ക്ക് കുട്ടികളെ കൊണ്ട് പോകുന്നുണ്ട് .പക്ഷെ തെരെഞ്ഞെടുത്ത കുട്ടികൾ മാത്രം .
ഹെഡ് മാസ്റ്റർ അസംബ്ലിയിൽ പേര് വായിച്ചു .
മഹേഷ് , അബീറ ,ഷാഹിദ ....ഷമീമിന് നിരാശ തോന്നി .
മഹേഷിനു കൈവന്ന സുവർണാവസരത്തെ കുറിച്ചോർത്തു ഷമീം വ്യാകുലപ്പെട്ടു .
ഏതായാലും അവരുടെ ഇഷ്ടത്തെ കുറിച്ച് ചോദിയ്ക്കാൻ മഹേഷിനെ ഏല്പിച്ചു .
ശാസ്ത്രമേള കഴിഞ്ഞു . മഹേഷും സുന്ദരികളും കൂടുതൽ അടുപ്പമായി . ഇഷ്ടം ആരോടാണെന്നു മാത്രം അവർ പറഞ്ഞില്ല .
സുന്ദരികളുടെ കൺ കൊണ്ടുള്ള ഗോഷ്ടികൾ നേരെ കണ്ട ചില വിരുതന്മാർ ക്ലാസ്സിന്റെ പുറത്തെ ചുമരിൽ ഷമീമിന്റെയും മഹേഷിന്റേയും പേരു ചേർത്ത് സുന്ദരികളുടെ നാമങ്ങൾ ചോക്ക് കൊണ്ട് എഴുതി പിടിപ്പിച്ചു .
സ്കൂളിലാകെ കൊച്ചു പ്രണയം പാട്ടായി .
ഉച്ച ഭക്ഷണം കഴിഞ്ഞു മഹേഷ് ഓടി വരുന്നു .
'എന്തോടാ , ഇങ്ങനെ കിതക്കുന്നെ '
അവർ പ്രേമ ലേഖനം തന്നു . 'ശരിക്കും' ഷമീം ആശ്ചര്യം കൊണ്ട് വീർപ്പുമുട്ടി .
പോക്കറ്റിൽ നിന്ന് എടുക്കാതെ നാലായി മടക്കി ഒട്ടിച്ച പേപ്പർ മഹേഷ് ഷമീമിന് കാണിച്ചു .
'എവിടെ കൊണ്ട് പോയി വായിക്കും?'
പ്രണയ വിവരം അറിയാത്തവരില്ല, ഇനി ഇതും കൂടി കണ്ടാൽ .
കർക്കശ സ്വഭാവക്കാരനായ ഹെഡ്മാഷെ എല്ലാവര്ക്കും പേടിയാണ് .അയാളുടെ ചെവിയിൽ എത്തിയാൽ ...
സ്‌കൂളിൽ നിന്ന് അല്പം അകലെ ഉണ്ടായിരുന്ന അംഗൻവാടിയുടെ പുറകിൽ പോയി .
വിറയ്ക്കുന്ന കൈകളുമായി രണ്ടു പേരും ചേർന്ന് ജീവിതത്തിലെ പ്രഥമ പ്രണയ ലേഖനം പൊട്ടിച്ചു .
ആദ്യം എഴുതിയ വരികൾ പക്കാ സാഹിത്യം , ഒന്നും മനസ്സിലായില്ല , ഏതോ സിനിമാ പാട്ടിന്റെ വരികൾ കോപ്പി ചെയ്തതാണ് .
ബാക്കി സാധാരണ ഭാഷയിലെ വഴികളിലേക്ക് മിഴികൾ നീങ്ങിയപ്പോൾ
ബാക്കിൽ നിന്ന് ബലം പ്രയോഗിച്ച് ഒറ്റ വലി !
പുറകോട്ടു തിരിഞ്ഞപ്പോൾ
അതാ നിൽക്കുന്നു , സ്‌കൂളിലെ വില്ലന്മാരിൽ വില്ലനായ ഏഴാം ക്‌ളാസ്സുകാരൻ ശിഹാബ് .
വായിച്ചു തീരാത്ത സ്നേഹ സമ്മാനം അവൻറെ കയ്യിൽ .
ഒരു വാദപ്രതിവാദത്തിനോ മല്പിടുത്തതിനോ ഒരു സ്‌കോപ്പും ഇല്ല .
മഹേഷ് രണ്ടും കൽപ്പിച്ചു ഒരു ശ്രമം .
നിമിഷ നേരം കൊണ്ട് പ്രേമ ലേഖനം മുഴുവനായും അവൻറെ വായിൽ .
ചവച്ചരച്ചു കടലാസും മഷിയും ഒന്നായെന്നു ഉറപ്പു വരുത്തി , പേപ്പർ ശിഹാബിന്റെ മുമ്പിലേക്ക് തുപ്പി എറിഞ്ഞു .
'ഇനി എടുത്തോ'. പഞ്ചുള്ള ഒരു ഡയലോഗ് .
വായിക്കാൻ കഴിയാത്ത ആദ്യ പ്രണയ ലേഖനത്തിനു ചരമ ഗീതം പാടി .പ്രണയം പരസ്യമായതോടെ ഹെഡ്മാഷെ ഭയന്ന് എല്ലാവരും നിശബ്ദമായി .
കാണുമ്പൊൾ ചിരിച്ചിരുന്ന കൊച്ചു സുന്ദരികൾ മനപൂർവം കണ്ടില്ലെന്നു നടിച്ചു .
വർഷാവസാനത്തോടെ ഷാഹിദ സ്‌കൂൾ മാറി ,ദൂരെ എവിടെയോ പോയി . ബാക്കിയുള്ളവരെ കുറിച്ച് കൂടുതൽ ആലോചിച്ചില്ല .
ഏതാനും വര്ഷം മുമ്പ് ഷമീമും ഷാഹിദയും തമ്മിൽ കണ്ടു . യാദൃശ്ചികമായി ഒരു വിവാഹ വീട്ടിൽ വെച്ച് . അവൾ പാലക്കാടു ജില്ലയിൽ ഒരു ഹയർസെക്കണ്ടറി സ്‌കൂളിൽ അസി.പ്രഫസർ ആയി ജോലി ചെയ്യുന്നു .
'ശരിക്കും നിനക്ക് അന്ന് ആരെയാ ഇഷ്ടമായിരുന്നത്' .ഷമീമിന്റെ ചോദ്യത്തിന് ഒരു സങ്കോചവുമില്ലാതെ ഷാഹിദ മറുപടി പറഞ്ഞു .
നിന്നെ തന്നെ , ഷമീമിന് സന്തോഷം .പക്ഷെ അവൾ തുടർന്നു , 'ഇപ്പോൾ ഇല്ല ട്ടൊ '
'എനിക്കും ഇപ്പോൾ ഇല്ല'.
എന്നാൽ വേഗം പൊയ്ക്കോ , ഭാര്യ കാണും ..!!

comment on fb

സി പി മുഹമ്മദ് റാഫി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ