2019 സെപ്റ്റംബർ 16, തിങ്കളാഴ്‌ച

അലിക്കുട്ടിയുടെ വിലായത്തുകൾ * (രണ്ടു സംഭവങ്ങൾ )

ഒന്ന്
                                                                         ചില വളർത്തു മൃഗങ്ങളോട് അലിക്കുട്ടിക്ക് ചെറുപ്പം മുതലേ വെറുപ്പാണ് , അതിനു ചില വ്യക്തമായ കാരണങ്ങളും ഉണ്ട് .അതിൽ ഒന്നാണ് നായ . നായയെ എവിടെ കണ്ടാലും ആട്ടി ഓടിക്കുക , കല്ലെറിയുക ഇതൊക്കെ അലിക്കുട്ടിയുടെ ശീലങ്ങളിൽ ഒന്നാണ് .
1984 കാലഘട്ടത്തിൽ ജനിച്ച അലിക്കുട്ടിക്ക് നായ വർഗത്തോട് വെറുപ്പ് ഉണ്ടാവാൻ ഉള്ള കാരണം ഇതാണ് , നാട്ടിലാകെ നായപ്പട , അതും വേപ്പ് നായ്ക്കൾ . പഞ്ചായത്തിൽ നിന്ന് ആളുകൾ ഇറങ്ങി നായ്ക്കളെ കൊന്നു ജനങ്ങളെ സംരക്ഷിക്കുന്ന കാലം .ഓരോ ഗ്രാമത്തിലും നായപിടുത്തക്കാർ .
പോരാത്തതിന് അലികുട്ടിയുടെ ഉമ്മാമ്മയുടെ പൊടിപ്പും തുങ്ങലും വെച്ച കഥളിൽ വില്ലന്മാർ ഏറെയും നായ്ക്കൾ .വേപ്പിളകിയ നായ്ക്കൾ മനുഷ്യരുമായി സമ്പർക്കം പുലർത്തുന്നതോടെ നായയുടെ സർവവിധ സംഹാര - അക്രമ സ്വഭാവവും മനുഷ്യനിലേക്ക് സന്നിവേശിക്കുകയും തൽക്ഷണം നായയെ പോലെ വിഭ്രാന്തനായി മനുഷ്യൻ മരണത്തോട് മല്ലടിക്കുകയും ചെയ്യും .ഇതൊക്കെ കേട്ടാൽ പിന്നെ നായയെ തെരഞ്ഞു പിടിച്ചു കൊല്ലില്ലേ ?
1992 ജൂലൈ മാസത്തിലെ ഒരു ചൂടില്ലാത്ത വെയിലുള്ള ദിവസം ഉച്ചയ്ക്കാണ് അത് സംഭവിച്ചത് ,അതും മൂന്നാം ക്ലാസ്സിലെ ലീഡറും സർവോപരി നേതാവുമായ അലിക്കുട്ടിയെ പരസ്യമായി അതും മറ്റു കുട്ടികളുടെ മുമ്പിൽ ഒരാൾ കരണക്കുറ്റിക്ക് അടിക്കുകയും ചീത്ത പറയുകയും ചെയ്ത ദാരുണമായ സംഭവം .
സ്‌കൂളിന്റെ അയൽവാസിയും സ്‌കൂൾ ജീവനക്കാരനുമായ അബുക്ക ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ വീട്ടിലേക്ക് പോകുന്നു , കൂടെ പ്രിയപ്പെട്ട വളർത്തു നായയും ഉണ്ട് .സ്‌കൂളിന്റെ പരിസരങ്ങളിൽ അലഞ്ഞു തിരിയാറുള്ള നായ അബുക്കയുടെ കൂടെ പലപ്പോഴും ഉണ്ടാവാറുണ്ട് .അവർ തമ്മിലുള്ള മാനസിക അടുപ്പം എല്ലാവരുടെയും ഇടയിൽ വിഖ്യാതമാണ് .
ഉച്ച സമയത്തു ബെല്ലടി ശബ്ദം കേട്ട് പുറത്തിറങ്ങിയ നൂറു കണക്കിന് കുട്ടികളുടെ കൂടെ അലിക്കുട്ടിയും , നായയെ കണ്ടതോടെ പിന്നെ ഒന്നും ശ്രദ്ധിച്ചില്ല , അലിക്കുട്ടിയുടെ ഉള്ളിലെ നായ വിരോധം അണപൊട്ടി . മുമ്പിൽ കിടന്ന കല്ല് നേരെ നായയുടെ പെട്ടിയിലേക്ക് , വേദനകൊണ്ടു പുളഞ്ഞ നായയുടെ ശബ്ദം എല്ലാവരും കേട്ടു , കൂടെ മറ്റൊരു ശബ്ദവും - അലിക്കുട്ടിയുടെ കരണക്കുറ്റിക്ക് അബുക്കയുടെ സ്നേഹ തലോടൽ . 'ഈ ലക്ഷണം കെട്ട മൃഗം ചത്ത് പോകട്ടെ' , അലിക്കുട്ടി ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ പ്രാർത്ഥിച്ചു .
കാലം അങ്ങനെ പെട്ടന്ന് നീങ്ങി 2019 സെപ്റ്റംബറിൽ അഥവാ ഈ മാസം, 27 വർഷങ്ങൾക്ക് ശേഷം , അലിക്കുട്ടിക്ക് ഒരു യാദൃശ്ചിക അവസരം കിട്ടി , അബുക്ക ദുബായ് കാണാൻ സന്ദർശക വിസയിൽ എത്തിയിട്ടുണ്ട് .ദുബായിലെ പ്രവാസിയായ അലിക്കുട്ടി അബുക്കയെയും കൂട്ടി ദുബായിലെ സഅബീൽ , കറാമ , അൽഖുസ് , നദിൽഷിബ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .
ജുമൈറയിലെ ബുർജ് അൽ അറബ് സ്ട്രീറ്റ്‌നെ അടുത്തുകൂടെ പോകുമ്പോൾ ദാ മുമ്പിൽ ഒരു വിദേശി ടൂറിസ്റ്റ് ,കൂടെ ഒരു നായയും .
അബുക്കയുടെ കയ്യിന്റെ പ്രഹര ശക്തി ഒരു നിമിഷം അലിക്കുട്ടിയുടെ മനസ്സിലൂടെ വേദനയോടെ മിന്നി .
'അബുക്ക, പണ്ട് നിങ്ങൾ വളർത്തിയിരുന്ന ആ നായ ഉണ്ടല്ലോ , എപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന നായ , അതിനെ നിങ്ങൾ പിന്നെ എന്ത് ചെയ്തു ?'
അലിക്കുട്ടി ചോദിച്ചു .
'അല്ലാ, നിനക്കെങ്ങനെ അതിനെ അറിയാം?' അബുക്കയുടെ ഉത്സാഹ ഭരിതമായ ചോദ്യം .
ഓ, അത് ഞാൻ പണ്ട് സ്‌കൂളിൽ പഠിക്കുന്ന കാലത്തു എപ്പോഴും ഇക്കയുടെ കൂടെ ഉണ്ടായിരുന്നല്ലോ ' അലിക്കുട്ടി പറഞ്ഞു .
'ഒരാളും അതിനെ കുറിച്ച് എന്നോട് പരാതി പറഞ്ഞിട്ടുണ്ടായിരുന്നില്ല , ഒരാൾ ഒഴികെ , ദേവയാനി , വീട്ടിൽ ഭാര്യയുടെ സഹായത്തിനു വരുന്ന സ്ത്രീ , പലപ്പോഴായി ഞങ്ങൾ ഇല്ലാത്ത സമയത്തു അവളെ ആക്രമിക്കാൻ നായ ശ്രമിച്ചിട്ടുണ്ടെന്ന് അവൾ പരാതി പറഞ്ഞു . ഞാൻ വിശ്വസിച്ചിരുന്നില്ല .പക്ഷെ ഒരു ദിവസം നായ അവൾക്ക് നേരെ പാഞ്ഞടുക്കുന്നത്‌ ഞാൻ നേരെ കണ്ടു .പിന്നെ ഒട്ടും ചിന്തിച്ചില്ല , കുറച്ചു വിഷം കലക്കി വായിലൊഴിച്ചു , അതിനെ കൊന്നു' .
പറയുമ്പോൾ അബുക്കയുടെ കണ്ഠം ഇടറുന്നതു പോലെ തോന്നി .
'എൻറെ പ്രാർത്ഥന പടച്ചവൻ കേട്ടിരിക്കുന്നു,അതിൽ കുറഞ്ഞ ഒരു ശിക്ഷയും ആ നായയ്ക്ക് കൊടുക്കാനില്ല ' അലികുട്ടി മനസ്സ് കൊണ്ട് ഏറെ സന്തോഷിച്ചു ,
അലികുട്ടിയുടെ ദൈവിക ശക്തിയുടെ പ്രഥമ ഉദാഹരണം .
രണ്ട്
സംഭവം നടക്കുന്നത് 1995 ൽ ആണ് .സോഷ്യൽ മീഡിയയും ടെക്‌നോളജിയും തീരെ വികാസം പ്രാപിക്കാത്ത കാലം .
അലിക്കുട്ടി അന്ന് ആറാം ക്ലാസ്സിൽ പഠിക്കുകയാണ് .കമ്പ്യൂട്ടർ നാട്ടിൻ പുറങ്ങളിലേക്ക് ഇറങ്ങി വരുന്നേ ഉള്ളു . ഒന്നും രണ്ടും കമ്പ്യൂട്ടർ വെച്ച് കമ്പ്യൂട്ടർ സെന്റർ തുടങ്ങി കുട്ടികളെ പിഴിയുന്ന കാലം . കാര്യമായി പഠിപ്പിക്കുന്നത് മൗസ് എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം , എങ്ങനെ ടൈപ്പ് ചെയ്യാം , ടൈപ്പ് ചെയ്തത് ഏതെല്ലാം രീതിയിൽ അലൈൻ ചെയ്യാം അക്ഷരങ്ങളുടെ സ്റ്റൈൽ എങ്ങനെയൊക്കെ മാറ്റാം ഇത്യാദി കാര്യങ്ങളാണ് .
അലി കുട്ടിയുടെ അയൽക്കാരനും പ്രദേശത്തെ പ്രധാന 'പരിഷ്കരി'യുമായ അബ്ദുൽ നദീം ഒരു കമ്പ്യൂട്ടർ സെന്റർ തുടങ്ങി . കൂളിംഗ് സ്റ്റിക്കർ ഒട്ടിച്ച ,തിരിയുന്ന കസേരകളുള്ള പ്രദേശത്തെ ഈ മേഖലയിലെ ആദ്യ സംരംഭം .അലിക്കുട്ടി ഏറെ സന്തോഷിച്ചു .സന്തോഷിക്കാൻ രണ്ടു കാര്യങ്ങളുണ്ട് ;ഒന്ന് അബ്ദുൽ നദീം ഏറ്റവും അടുത്ത അയൽക്കാരൻ , മറ്റൊന്ന് ആത്മ സുഹൃത്ത് ഹബീബ് റഹ്മാൻ അവിടെത്തെ ക്ലീനിങ് ബോയ് ,അതോടൊപ്പം ഫ്രീയായി കമ്പ്യൂട്ടർ പരിജ്ഞാനം നേടുന്ന വിദ്യാർത്ഥിയും .
കയ്യിൽ പണമില്ലാത്ത അലിക്കുട്ടിക്ക് ഇടയ്ക്ക് അവിടെ പോയി എല്ലാം ഒന്ന് കണ്ടു സായൂജ്യം അടയാൻ കഴിയുമല്ലോ . കമ്പ്യൂട്ടർ ക്ലാസ്സിനു ചേരാൻ എന്തായാലും പൈസ വേണം , അത് ഈ ജന്മത്തിൽ നടക്കുന്ന കാര്യവുമല്ല .
ഹബീബ് കംപ്യൂട്ടറിനെ കുറിച്ച് പറയുമ്പോൾ അലിക്കുട്ടിക്ക് ഉത്സാഹം കൂടി.പുതിയ പേരുകൾ , മോണിറ്റർ, മൗസ്,കീബോര്ഡ്,... പ്രിന്ററിനെ കുറിച്ച് പറഞ്ഞപ്പോൾ അത്യാവേശ പൂർവം കേട്ടിരുന്നു .
ഉത്സാഹം മൂത്തു അലിക്കുട്ടി
ചോദിച്ചു
'എടാ ഹബീബേ ഈ അത്ഭുതങ്ങൾ എനിക്കൊന്നു നേരെ കാണണം , നീ എന്നെ സഹായിക്കുമോ?'
'അതിനെന്താ , എന്നെ കാണാൻ എന്ന് പറഞ്ഞു നീ അങ്ങോട്ട് വന്നാൽ മതി , ബാക്കി ഞാൻ ഏറ്റു' . ഹബീബ് പറഞ്ഞു .
പുതിയ സാങ്കേതിക പരിജ്ഞാനത്തിൻറെ ഉറവിടങ്ങൾ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ അടുത്ത ദിവസം തന്നെ അലിക്കുട്ടി പോയി .
കറുത്ത സ്റ്റിക്കർ ഒട്ടിച്ച റൂമിലേക്ക് കയറിയപ്പോൾ തന്നെ എന്തൊരു തണുപ്പ് , പുതിയ ഇനം ഫാൻ കറങ്ങുന്നു, വെളുത്ത ഫ്രെയിമുകൾ ഉള്ള മനോഹരമായ കംപ്യൂട്ടറുകൾ , പ്രിൻറർ ,എന്തൊരു ഭംഗി , നല്ലോണം പണം ചിലവഴിച്ചു സെറ്റ് ചെയ്തിട്ടുണ്ട് ഇത്രയും പണം എവിടെന്നാ അബ്ദുൽ നദീമിന് ...അങ്ങനെ പോയി അലിക്കുട്ടിയുടെ ചിന്തകൾ .
മുതലാളി അബ്ദുൽ നദീം ഇല്ലാത്ത സമയമായത് ഏറെ നന്നായി . ഹബീബ് ഒരു കമ്പ്യൂട്ടർ ഓൺ ചെയ്തു താൻ പഠിച്ച പൈന്റിങ്ങിലെ വിസ്മയങ്ങൾ കാണിക്കുന്നതിനിടെ മുതലാളി അബ്ദുൽ നദീം കടന്നു വന്നു . ചിരിച്ചു കൊണ്ട് അലിക്കുട്ടി നദീമിനെ നോക്കി , നദീം ചിരിക്കുന്നില്ല .മുതലാളിയുടെ എല്ലാ വിധ ഗൗരവും മുഖത്തുണ്ട് .എന്നാലും തൊട്ട അയൽക്കാരൻ ആയിട്ടു പോലും , ഇതെന്തൊരു മനുഷ്യനാണ് .ഇയാളുടെ വാപ്പ എന്തൊരു പാവം മനുഷ്യനാണ് , എന്ത് കരുണയോടെ അയാൾ സംസാരിക്കും ...ഒറ്റ നിമിഷത്തിൽ മൂർദ്ധാവിൽ അടി കിട്ടിയത് പോലെ അലിക്കുട്ടി തരിച്ചു നിന്നു .
'ഹബീബ് റഹ്മാൻ' മുതലാളി ഉറക്കെ അട്ടഹസിച്ചു .
പാവം ഹബീബ് ഞാൻ കാരണം ജോലി പോകുമോ? അലികുട്ടിക്ക് വ്യാകുലതയേറി . ഹബീബ് അലിക്കുട്ടിയെ വിളിച്ചു പുറത്തേക്ക് കൊണ്ട് പോയി .മുതലാളി ചീത്ത പറഞ്ഞു ല്ലേ?
സാരല്യ , 'ഇത് പച്ചക്കറി ചന്തയല്ല , പണം തന്നു കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ മേലിൽ വലിഞ്ഞു കേറി വരരുത് , എന്ന് അവനോടു പറഞ്ഞേക്ക് ' ഹബീബ് പറഞ്ഞത് കേട്ട് അലിക്കുട്ടിക്ക് ദേഷ്യവും സങ്കടവും ഒതുക്കാനായില്ല . നദീ മിനെതിരെ ശപിച്ചും പ്രാർത്ഥിച്ചും കൊണ്ട് അലിക്കുട്ടി നിരാശനായി വീട്ടിലേക്ക് നടന്നു .
ആറു മാസം കഴിഞ്ഞില്ല കമ്പ്യൂട്ടർ സെന്ററിന് താഴിട്ടു . കറുത്ത സ്റ്റിക്കറിൽ പൊടിപരണ്ടു . കുട്ടികളുടെ രക്ഷിതാക്കൾ അബ്ദുൽ നദീമിനെ വേണ്ടത് പോലെ പെരുമാറി എന്നും കേട്ടു .
എന്നാലും എന്തായിരിക്കും അത് പൊളിയാനുള്ള കാരണം ?
വൈകീട്ട് നാലു അലിക്കുട്ടിയുടെ വീടിനു മുമ്പിൽ ഒരു കാർ വന്നു നിന്നു , സ്‌കൂൾ വിട്ടു വന്നു മുറ്റത്തു കളിക്കുന്ന അലിക്കുട്ടി ശ്രദ്ധിച്ചു .
അബ്ദുൽ നദീമിന്റെ വീട് ഏതാ?
ദാ അത് തന്നെ , ഞാൻ കാണിച്ചു തരാം , അലിക്കുട്ടി പറഞ്ഞു .
അലിക്കുട്ടിയും അവരെ അനുഗമിച്ചു .
ഭാഗ്യത്തിന് അബ്ദുൽ നദീം അകത്തുണ്ട് .കാറിൽ വന്നയാൾ നദീമിനെ കണ്ടതും , തെറിയോടു തെറി , വാപ്പയ്ക്കും ഉമ്മയ്ക്കും വിളിച്ചു എന്തൊരു ശബ്ദത്തിലാണ് അയാൾ സംസാരിച്ചത് , അടുത്ത വീട്ടുകാരൊക്കെ പുറത്തിറങ്ങി സംഭവം വീക്ഷിച്ചു .
കര്യം ഇതാണ് , കമ്പ്യൂട്ടർ സെന്റർ തുടങ്ങാൻ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തു , സാക്ഷികളായി ഒപ്പിടാൻ കൊണ്ട് പോയത് എട്ടും പൊട്ടും തിരിയാത്ത പാവം രണ്ടു സാധുക്കളെ , ലോൺ അടയ്ക്കാത്തതു കൊണ്ട് സാക്ഷികളെയും ബാങ്കുകാർ അന്വേഷിച്ചെത്തി .വേണ്ടപ്പെട്ടവരുടെ 'മനോഹരമായ' പ്രതികരണം .
അലികുട്ടിയുടെ ദിവ്യത്വം !!
ശരിക്കും ഇതൊക്കെ പ്രചരിപ്പിക്കാൻ ആളുണ്ടെങ്കിൽ അലിക്കുട്ടിയും വിയർപ്പൊഴുക്കാതെ പണം കൊയ്യുന്ന ദിവ്യ പുരുഷന്മാരിൽ ഇടം നേടിയേനെ .!! 😜
*(വിലായത്ത് എന്നത് അറബി പദം , അർത്ഥം അവസ്ഥ (ഔന്നത്യ അവസ്ഥ ))
സി പി മുഹമ്മദ് റാഫി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ