2014 ജൂൺ 18, ബുധനാഴ്‌ച

ആരോട് പറയും ഇതൊക്കെ


'മിഴ് നാട് സ്വദേശിയാണ് ചെക്കന്‍ ,അപ്പൊ പിന്നെ നമ്മുടെ നാട്ടുകാര്‍ക്ക് കൊടുക്കുന്ന അത്രയും പൊന്നും പണവും കൊടുക്കേണ്ടി വരില്ല ,  ഇരുപതു പവനും ഒരു ലക്ഷം രൂപയും കൊടുക്കേണ്ടി വരും, എന്നാലും ഒരു ഭാരം കുറഞ്ഞു കിട്ടുമല്ലോ'

രണ്ടാഴ്ച മുമ്പ് ദുബൈയില്‍ നിന്ന് കണ്ട ഒരു പിതാവിന്‍റെ വാക്കുകളാണ്.
സ്ത്രീധനം കൊടുക്കാന്‍ ക്യാഷ് ഇല്ലാത്തത്  കൊണ്ടും  അതി സൗന്ദര്യം ഇല്ലാത്തത് കൊണ്ടും ജീവിതം പുരയിടങ്ങളില്‍ തളയ്ക്കപ്പെട്ട പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പിതാവിന്‍റെ  നെടുവീര്‍പ്പുകളാണ് ഇങ്ങനെയൊക്കെ അര്‍ത്ഥ ശൂന്യമായ വാക്കുകളായി പുറത്തു വരുന്നത്,
ദുബൈയിലെ ഒരു കേഫ്ട്ടീരിയ ജീവനക്കാരനായി ജീവിതത്തിന്‍റെ സിംഹ ഭാഗവും പ്രവാസത്തിനു സമര്‍പ്പിച്ച  ഈ പാവപ്പെട്ട മനുഷ്യനെ എങ്ങനെ കുറ്റപ്പെടുത്തും .
സമൂഹം ദുര്‍ബല വിഭാഗത്തിനു വേണ്ടി പകുത്തു നല്‍കിയ ഒരു  നിരയുണ്ട്, അവിടെ പാവപ്പെട്ടവന്‍ എന്നും പാര്‍ശ്വ വല്‍ക്കരിക്കപ്പെടുന്നു . ഒരാളുടെ ചെറിയ തെറ്റുകള്‍ പോലും ഊതി വീര്‍പ്പിച്ച് പഴിമാത്രം കേള്‍ക്കേണ്ടി വരുന്ന ഒരു ജന വിഭാഗം എന്നും സമൂഹത്തിന്‍റെ ഭാഗമായി ഉണ്ട്.
അവരുടെ ശബ്ദത്തിന് എന്നും ഘനം കുറവായിരിക്കും,
കൂനിന്മേല്‍ കുരു എന്ന പോലെ നാലഞ്ചു പെണ്‍കുട്ടികളും അവര്‍ക്കുണ്ടാകും .ഇരുപതും മുപ്പതും കഴിയുമ്പോള്‍ മൈസൂരിലെയും തമിഴ്നാട്ടിലെയും ചതിയന്മാരുടെ ഉപകരണങ്ങളായി ഈ ജീവിതം മാറുന്നു .
ശാരീരികമായും മാനസികമായും പിഴിഞ്ഞെടുത്ത് ചണ്ടിയും ചവറുമാക്കി ജീവനോടെയോ അല്ലാതെയോ തള്ളുന്ന പാഴ് ജന്മങ്ങള്‍ .

ജീവിതത്തില്‍ വിശുദ്ധിയും ധാര്‍മികതയും കാത്തു സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ അവസാനം എത്തപ്പെടുന്നത് രക്ഷിതാകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്യ സംസ്ഥാനങ്ങളിലോ ,അല്ലെങ്കില്‍ മേല്‍ വിലാസം പോലുമില്ലാത്ത തനി ഫ്രോടുകളുടെ കൈകളിലോ ആകും, ഒരു ഭാരം ആയി തന്നെയാണ് അവിവാഹിതരായ പെണ്‍കുട്ടികളെ ഓരോ കുടുംബവും കാണുന്നത്,   നൊന്തു പെറ്റ മാതാവിനോ കഷ്ട്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ പിതാവിനോ തങ്ങളുടെ പ്രിയപ്പെട്ട മക്കളെ രക്ഷപ്പെടുത്താനാകാത്ത പടുക്കുഴിയിലേക്ക് തള്ളിയിടാന്‍ ഒരിക്കലും താല്പര്യം ഉണ്ടാകില്ല . സമൂഹം അവര്‍ക്ക് നല്‍കിയ ഭാരത്തെ ഇറക്കി വെക്കാന്‍ എല്ലാം ഒരു നിമിഷത്തേക്ക് വിസ്മരിക്കപ്പെടുന്നു.
ധാര്‍മ്മികതക്കും ജീവിത വിശുദ്ധിയ്ക്കും പരിഗണന നല്‍കാത്ത കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ഇതിനൊന്നും കാത്തു നില്‍ക്കാതെ മുമ്പും പിമ്പും നോക്കാതെ ,മതവും ജാതിയും നോക്കാതെ ആരുടെയെങ്കിലും കൂടെ പോകുന്നു.
ഇങ്ങനെ മതില്‍ചാടി ജീവിതം ഹോമിക്കപ്പെടുന്നവരുടെ കണക്കുകള്‍ ഒരു അധികാരികളുടെയും ടാറ്റ ബാങ്കിലും കാണാനിടയില്ല .

സ്വന്തം അയല്‍ക്കാര്‍ക്കെങ്കിലും ഇത്തരം സംഭവങ്ങള്‍ അറിയാമല്ലോ,
ഈ പാഴ്ജന്മങ്ങളുടെ ബാക്കി ജീവിതത്തെ ആരെങ്കിലും അന്വേഷിക്കാറുണ്ടോ? തിരശീലക്ക് പിന്നില്‍ ഇഞ്ചിഞ്ചായി അവസാനിക്കപ്പെടുന്ന നിശ്വാസങ്ങള്‍ ആര്‍ക്ക് കേള്‍ക്കാന്‍ സമയമുണ്ട്.

ഇവിടെ ആരെ കുറ്റപ്പെടുത്തും 
ഭാരങ്ങള്‍ ഇറക്കാന്‍ പെടാപാട് പെടുന്ന രക്ഷിതാക്കളെയോ 
അതോ വികാര വിചാരങ്ങള്‍ പങ്കു വെക്കാന്‍ വഴി തേടി പോകുന്ന പെണ്‍ ജന്മങ്ങളെയോ അതോ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന നാട്ടുകാരെയോ?
ധാര്‍മികതയും ഭൌതികതയും സമന്വയിക്കുന്ന മൂല്യമുള്ള അറിവ് നല്‍കാന്‍ സമൂഹം ബാധ്യസ്ഥമാണ് .പെണ്‍കുട്ടികള്‍ അറിവും വിശുദ്ധിയും സ്വയം പര്യാപ്തതയും ഉള്ളവരാവട്ടെ,
സാമ്പത്തികമായി  പിന്നില്‍ നില്‍ക്കുന്നവരെയും ദുര്‍ബലരെയും  സമൂഹത്തിന്‍റെ മുഖ്യ ധാരയില്‍ കൊണ്ട് വരണം .
അവരുടെ ശബ്ദത്തിന് ശക്തിയും കരുത്തും നല്‍കണം .
വീട് വെക്കുന്നതിലും കല്യാണ ആര്‍ഭാട സല്‍ക്കാരം നടത്തി പെരെടുക്കുന്നതിലും മത്സരിക്കുന്ന ശരാശരി മലയാളിയും പണക്കാരനും പാവങ്ങളെ സഹായിക്കുന്നതിലും മത്സരിക്കാന്‍ മുമ്പോട്ട്‌ വരട്ടെ,
നാട്ടില്‍ നിന്ന് പെണ്‍കുട്ടികളെ വിവാഹം കഴിച്ചു അയക്കുമ്പോഴും പുരുഷന്മാര്‍ കെട്ടി കൊണ്ട് വരുമ്പോഴും വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന  മത മേലാധികാരികളും ബന്ധപ്പെട്ട കാരണവന്മാരും മാന്യമായ അന്വേഷണവും വിവരങ്ങളും ശേഖരിക്കാനും ആവശ്യമായ രേഖകള്‍ സൂക്ഷിക്കുവാനും ശ്രമിക്കേണ്ടതുണ്ട്.
വിവാഹത്തിനു മുമ്പുള്ള കൌണ്സിലിംഗ് ഒരു പ്രധാന കാര്യമായി പരിഗനിക്കപ്പെടണം .
കോടികള്‍ ചിലവഴിച്ച് സമ്മേളനങ്ങളും ആഘോഷങ്ങളും നടത്തുന്ന സംഘടനകള്‍ ഇത്തരം നല്ല കാര്യങ്ങളില്‍ കൂടി പരിഗണിക്കണം .
പാവപ്പെട്ടവന്‍റെ കല്യാണത്തിനു പോയി വയറു നിറയെ ചോറും തിന്നു അഞ്ഞൂറോ ആയിരമോ കുറിയും എഴുതി വല്യ എന്തോ കാര്യം ചെയ്തത് പോലെ തിരിച്ചു പോകുന്ന നയം ഉപേക്ഷിച്ച് സമൂഹത്തോടും സൃഷ്ട്ടവിനോടുമുള്ള കടമയും കടപ്പാടും നിറവേറ്റാന്‍ ഓരോരുത്തരും ശ്രമിക്കട്ടെ .ആദര്‍ശത്തിന്‍റെയും  സംഘടനയുടെയും നേരിയ വ്യത്യാസത്തില്‍ തെറിയും വ്യക്തി ഹത്യകളും കൊണ്ട് അരോചകമായ സോഷ്യല്‍ മാധ്യമങ്ങളിലെ വാളുകള്‍ നല്ല ചിന്തകള്‍ കൊണ്ട് സമ്പന്നമാകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ